കനത്ത മഴ: ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം റദ്ദാക്കി
തൃശൂര്‍: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം റദ്ദാക്കി. ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിയാതിരുന്നത് യാത്ര മുടങ്ങാന്‍ കാരണമായി. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് തിരികെ പോവുകയായിരുന്നു. ജഗ്ദീപ് ധന്‍കറിനോടൊപ്പം ഭാര്യ ഡോ. സുദേഷ് ധന്‍കറും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ഇരുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്നലെ കൊച്ചിയിലെത്തിയിരുന്നു. ഇന്ന് രാവിലെ കളമശ്ശേരിയിലെ നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തുന്ന സംവാദ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയിലെ ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ ദേശീയപാത 544-ല്‍ കളമശ്ശേരി എസ്സിഎംഎസ് മുതല്‍ നുവാല്‍സ് വരെയുള്ള ഭാഗങ്ങളില്‍ കര്‍ശന ഗതാഗതനിയന്ത്രണമുണ്ട്.